Mar 18, 2025 04:08 PM

പാലക്കാട്: ( www.truevisionnews.com ) ജില്ലാ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകും. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.

തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാനങ്ങളിൽനിന്നും മാറ്റിയെങ്കിലും പാർട്ടി അം​ഗമായി മാത്രം തുടരുകയായിരുന്നു. ഈ അം​ഗത്വമാണ് ഇപ്പോൾ പുതുക്കി നൽകുന്നത്.

നേരത്തെ അച്ചടക്ക നടപടിയെടുത്ത് ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് ഏതാണെന്ന് നിശ്ചയിച്ചിരുന്നില്ല. ഏത് ബ്രാഞ്ചിലാണ് ശശി തുടരേണ്ടത് എന്ന കാര്യത്തിലാണ് ഏരിയാ കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പി.കെ. ശശിയെ ഉൾപ്പെടുത്തുക.

ഇതോടെ പാ‍ർട്ടിയുടെ മേൽക്കമ്മിറ്റികളിലേക്കെത്താൻ ബ്രാഞ്ച്തലം മുതൽ ശശിക്ക് വീണ്ടും പ്രവർത്തിക്കേണ്ടി വരും. നിലവിൽ കേരള ടൂറിസം ഡവലപ്മെൻ്റ് കോർപറേഷൻ ചെയർമാനാണ് അദ്ദേഹം.

ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമായിരുന്നു തീരുമാനിച്ചത്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.

ഫണ്ട് ക്രമക്കേടുകളടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് ശശിക്കെതിരേ പാർട്ടിയിൽ നടപടിയുണ്ടായത്.

പാർട്ടി അന്വേഷണ കമ്മിഷന്റെ ശുപാർശയിലായിരുന്നു നടപടി. കെ.ഡി.ടി.സി. ചെയർമാൻ സ്ഥാനമടക്കമുള്ളവയിൽ നിന്ന് പി.കെ. ശശിയെ മാറ്റി നിർത്തിയിരുന്നില്ല. എന്നാൽ ഈ സ്ഥാനങ്ങളിൽ നിന്നും പി.കെ. ശശിയെ മാറ്റണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നിരുന്നു.

#CPM #decides #renew #PKSasi #membership #included #Nayadipparabranch

Next TV

Top Stories